അസ്തമയം
പ്രായമായെങ്കിലുമര്‍ക്കന്‍ കുറുമ്പനാം ,
വാരുണീമങ്കയെ ചുംബിച്ചല്ലോ .
വാരുണീസേവയുണ്ടായിരുന്നെന്നതോ
കാരണമെന്തെന്നറിഞ്ഞുകൂടാ .
പൂര്‍വ്വാംബരത്തിനതിഷ്ടമില്ലാതെയോ
നില്പൂ വദനം കറുത്തു തന്നെ .
ഇത്തരം കാഴ്ചകള്‍ കാണുവാനാകാതെ
ചക്രവാളം തിരി താഴ്ത്തി മെല്ലേ .
ഒട്ടും വൈകീടാതെ യെല്ലായിടത്തുമീ
വാര്‍ത്തയെത്തിക്കുവാന്‍ വെമ്പലോടെ
കാണാം വിഹഗങ്ങള്‍ നാനാപ്രദേശങ്ങള്‍
നോക്കിപ്പറക്കുന്നു വേഗംതന്നെ .
ഈ കാഴ്ച കാണുവാനാകാംക്ഷയാലിതാ
തിങ്കളും താഴേയ്ക്കു നോക്കീടുന്നു .
കേട്ടറിഞ്ഞിട്ടാവാം താരകളോരോന്നായ്
വന്ന്‍നിരന്നു തുടങ്ങിമെല്ലെ .
തീരെച്ചെറുതാം ചിവീടുകള്‍ പോലുമേ -
യര്‍ക്കനെയൊട്ടു പരിഹസിപ്പൂ
യാമിനിയിക്കഥ കേട്ടതുമൊട്ടൊരു
ഞെട്ടലില്‍ സ്തബ്ധയായ് നിന്നുപോയി .
കുന്ദലതയേതുമൊട്ടുമറിയാത്ത
പോലവേ പുഞ്ചിരി തൂകി നില്പൂ .
മര്‍ത്ത്യര്‍ക്കുമാത്രമല്ലിത്തരം കുന്നായ്മ -
യെന്നതുമേതുമറിഞ്ഞതില്ല .
No comments:
Post a Comment