06 February 2017

മധുരസ്മരണകള്‍.

മധുരസ്മരണകള്‍.
===========
പണ്ടുപഠിച്ചൊരാ വിദ്യാലയത്തിന്‍റെ
മുറ്റത്തുനില്ക്കവേയെന്നുടെയോര്‍മ്മകള്‍ .
അഞ്ചുപതീറ്റാണ്ടു പിന്നിലേക്കോടവേ
വ്യക്തമായ് കണ്ടു ഞാന്‍ വീണ്ടുമാ കാഴ്ചകള്‍.

ചെങ്കല്ലുകള്‍ വൃത്തമൊപ്പിച്ചുനില്ക്കുമാ
വേദിതന്‍ മദ്ധ്യേയുയര്‍ന്ന കൊടിമരം.
ചുറ്റിനും പച്ചിളംപുല്ലുകള്‍ പാകിയ,
കൊച്ചുപാദങ്ങള്‍ പതിക്കുമാ മുറ്റവും.

ഭംഗിയില്‍ മൈലാഞ്ചി സീമതീര്‍ക്കും ചെറു-
പുഷ്പങ്ങള്‍ തിങ്ങിനിറഞ്ഞ പൂവാടിയും.
കായ്കള്‍ നിറഞ്ഞു നമിച്ചുനില്ക്കുന്നതാം
ഭീമമാം നെല്ലിയും പൂത്തോരിലഞ്ഞിയും.

ആയിരം കാലുകള്‍ മണ്ണിലൂന്നും വട-
വൃക്ഷവും വേടുകളാകുമൂഞ്ഞാലുകള്‍.
പ്രാര്‍ത്ഥനചൊല്ലവേ ശിതളച്ഛായയായ്
ഛത്രം വിടര്‍ത്തുമശ്വത്ഥവും കാണ്മുഞാന്‍.

ഭിത്തിയില്‍ ഭാസ്കരന്‍ തന്‍റെ ഘടികാര -
സൂചികളാകുന്ന രേഖകള്‍ കാണ്മുഞാന്‍.
ഉച്ചതിരിയുകിലാരേഖകള്‍നോക്കി
സൂര്യനെ കല്ലെറിയുന്ന വിദ്യാര്‍ത്ഥികള്‍.

ഉള്ളിലായ് കുട്ടികള്‍ തിങ്ങിയിരിക്കവേ
ക്ലാസ് മുറിക്കിപ്പുറം കിണ്ണങ്ങള്‍ഗ്ലാസുകള്‍.
പാലിനുമുപ്പുമാവിന്നുമായെത്തിടും
പട്ടിണികൊണ്ടുവലഞ്ഞിടും കുട്ടികള്‍.

കേട്ടെഴുത്തില്‍ ,ക്ലാസ് പരീക്ഷയിലൊന്നുമേ
തെറ്റാത്തതില്‍ തെല്ലഹങ്കാരമുള്ള ഞാന്‍
വിശ്വംജയിച്ചുനില്കുന്നൊരാ ഭാവവു -
മൊട്ടൊരു കൌതുകമോടെ കാണുന്നു ഞാന്‍.

ചേലെഴും ചെമ്പനീര്‍പ്പൂവുകാണിച്ചൊരു
പദ്യമെഴുതണമെന്നുകഥിച്ചതും.
എന്‍കൃതി വായിച്ചു ,തോളില്‍ പിടിച്ചന്നു
നന്നെന്നുരച്ചതുമോര്‍ക്കുന്നുവിന്നുഞാന്‍.

കീശയില്‍നിന്നെടുത്തന്നു ഗുരുനാഥ-
നേകിയ പേന നിധിയായ് സൂക്ഷിപ്പു ഞാന്‍.
അഞ്ച്പതിറ്റാണ്ടിനിപ്പുറവും ഗുരു -
നാഥനെക്കാണ്മു ഞാനാ പേനയില്‍,സദാ.

തെറ്റുചെറുതെങ്കിലും കാതുകള്‍ നിണ -
രാഗമണിയുംഗുരുവതുകാണുകില്‍ .
കാലിലോ ശോണവളയങ്ങളും തരു-
മച്ചടക്കത്തിനു ഭംഗം വരുത്തുകില്‍.

അന്നുമനസ്സിലുയര്‍ന്ന കോപത്തിനു
മാപ്പപേക്ഷിച്ചു മനസാപലവുരു.
നന്മകള്‍ മാത്രം മനസ്സില്‍ നിറയുമെന്‍ -
വന്ദ്യഗുരുക്കളേ മാപ്പരുളീടുക.

എന്‍റെ ഗ്രാമം

എന്‍റെ ഗ്രാമം
സിന്ദൂരം നലമായ് ലലാടഫലകേ
ചാര്‍ത്തുമീ പൂര്‍വ്വദിക്കില്‍
രാഗത്താല്‍ നിണശോഭയാര്‍ന്നിതുപരം
അംബുരോഹങ്ങളെങ്ങും.
സംഗീതം ഗഗനേ പകര്‍ന്നുവിലസും
പക്ഷിജാലം സമോദം
മാലേയം തിരുമെയ്യില്‍ ചാര്‍ത്തിയൊഴുകും
അംബുവാഹം മനോജ്ഞം.

വൃക്ഷത്തിന്‍മുടികള്‍ക്കിടയ്ക്കു നുഴയും
സൂര്യരശ്മീസമൂഹം
ഹംസങ്ങള്‍ സരസീരുഹത്തിലൊഴുകും
കാഴ്ചയും ചേതഹാരി
ഉദ്യാനം നിറയും സുമങ്ങളുമളീ -
വൃന്ദവും ചിത്രവര്‍ണ്ണ -
പ്പട്ടില്‍ സുന്ദരമേനിയാള്‍ ശലഭവും
തുമ്പിയും എന്തുചന്തം !

വിണ്ണേറുന്നുഡുരാജിപോല്‍ ഹരിതമാം
പുല്ലില്‍ നില്ക്കുന്നു പൂക്കള്‍
കല്ലോലംവിരിയും സരിത്തു മഹിതന്‍
പൊന്നരഞ്ഞാണമായി .
വെള്ളത്തില്‍ പദമൂന്നി കേതകികളും
ശ്രേണിയായ് നില്പിതല്ലോ
നെല്പാടങ്ങളുമത്രഹേമനിറമായ്
പൃത്ഥ്വിതന്‍ വസ്ത്രമായി .

ഒറ്റക്കാല്‍വ്രതമായി തത്ര ബകജാ -
ലങ്ങളും നില്പതുണ്ടേ
ചെമ്മണ്‍പാതയുമുണ്ടു വൃക്ഷനിരയും
പാലവും കാളവണ്ടി
മെല്ലേയാടിവരുന്നതും വഴിയിലായ്
പൈക്കള്‍ മെയുന്നതെല്ലാം
കാണാനായ് വരികെന്നുമെന്‍ ജനപദം
തന്നില്‍ തോഷം നിറയ്ക്കാന്‍ .

അശ്വത്ഥം ഗഗനംതൊടുംവിധമതായ്
ക്ഷേത്രമുറ്റത്തുനില്പൂ .
കല്ലോലം നിറയും വാപിയതിലായ്
നീന്തിയും ക്രീഡചെയ്തും
ബാലന്മാര്‍ നിരയായി മെല്ലെയണയും
ഭക്തരുംആല്‍ത്തറയ്ക്കല്‍
സല്ലാപത്തിനുവന്ന വൃദ്ധരുമിതാ
ഗ്രാമദൃശ്യങ്ങളല്ലോ .

വാനത്തില്‍ തലചേര്‍ത്തുനില്ക്കുമതുപോല്‍
നില്ക്കുമാ പള്ളിതന്നില്‍
എത്തുന്നൂ ദിനവും കുടുംബസഹിതം
പ്രാര്‍ത്ഥനയ്ക്കായി ഭക്തര്‍.
പാലും പത്രവുമായി നിത്യമിതിലേ
സൈക്കിളില്‍ യാത്രചെയ്‍വാ-
നുണ്ടല്ലോ ദിനവും പ്രഭാതസമയേ,


ഒട്ടനേകം മനുഷ്യര്‍.

മഞ്ചാടിക്കുരു.

.മഞ്ചാടിക്കുരു.

ഉത്തരകേരളം തന്നില്‍ വസിച്ചൊരു
സാത്ത്വികയോഷിത്തിന്നുള്ളംതന്നില്‍
കണ്ണനെക്കാണുവാന്‍ വാതാലയത്തിനു
തിണ്ണം ഗമിക്കുവാന്‍ മോഹമായി.
ഭക്തയാം സാദ്ധ്വിയോ കണ്ണനു നേദ്യമായ്
ഭക്തമതെന്നുമൊരുക്കിവെയ്ക്കും.ദീപം കൊളുത്തീടും സന്ധ്യകളിലെന്നാല്‍
ദീപം തെളിഞ്ഞീടും ഹൃത്തിനുള്ളില്‍
കണ്ണന്‍റെ പാദങ്ങള്‍ പൂണുവാനായിട്ടു
മണ്ണിലെ വൈകുണ്ഠം പൂകുന്നേരം
പ്രാഭവമേറുമാ കാല്ക്കലര്‍പ്പിക്കുവാന്‍
പ്രാഭൃതമില്ലാതെ ഖിന്നയായി.
ചിന്തകളാഭക്തതന്നന്തരംഗത്തില്‍
ചെന്തീ കണക്കെ പടര്‍ന്ന നേരം
ചെന്താമരാക്ഷനു കാഴ്ചയര്‍പ്പിക്കുവാന്‍
ചന്തമേറും മുത്തു കണ്ടെടുത്തു .
മഞ്ചാടിമുത്തുകള്‍ മുറ്റത്തു കാണവേ -യഞ്ചിതഭ്രൂ തന്‍ മുഖം തെളിഞ്ഞൂ .ചെമ്മേയെടുത്തു തുടച്ചുമിനുക്കിയാ -ളമ്മട്ടിലെന്നുമേ ചേര്‍ത്തുവെച്ചൂ .
വത്സരമൊന്നു കഴിഞ്ഞപ്പോള്‍ കാഴ്ചയായ്
വത്സപാലന്‍റെയരികിലെത്താന്‍
വെക്കംപുറപ്പെട്ടുകുന്നുംപുഴകളും
വേക്കാതവര്‍ മെല്ലെ താണ്ടിനീങ്ങീ!
"തുച്ഛമീ മഞ്ചാടി കണ്ണനിതേകാനോ"പുച്ഛം നിറഞ്ഞുള്ള ചോദ്യങ്ങളായ്.
"
തീരെയബല നീയൊറ്റയ്ക്കിതത്രയും
ദൂരം ഗമിക്കുമോ"യെന്നൊരുവര്‍ .
കുന്നും മലകളും വാക്കുകളെന്നല്ല
ഒന്നിനും പിന്തിരിപ്പിക്കാനാകാ .ഉള്ളില്‍ നിറയുമാ ജ്യോതി നയിക്കുകി -ലെള്ളോളമുണ്ടോ വ്യസനമേതും ?
നാല്പത്തിനാലു ദിനങ്ങള്‍ നടന്നവര്‍
കല്പികസന്നിധിയെത്തിയപ്പോള്‍.മാസത്തിലൊന്നാം ദിനം നാടുവാഴി തന്‍
മാസികദര്‍ശന വേളയല്ലോ .
ആരുമേ വീഥിയില്‍ വന്നുകൂടെന്നൊരു
തീരുമാനം ഭക്തര്‍ പാലിക്കേണം.ഒന്നുമറിയാതെ വന്നോരു ഭക്തയെ
അന്നേരം സൈന്യമോ തള്ളിമാറ്റി.
നെഞ്ചോടടക്കിപ്പിടിച്ച മുഷിഞ്ഞോരു
സഞ്ചിയവരെറിഞ്ഞേറെ ദൂരെ .മിന്നിത്തിളങ്ങുമാ മാണിക്യക്കല്ലുകള്‍
മന്നിടമാകെ ചിതറിവീണു .
ആനന്ദമുള്ളില്‍ നിറയുന്നരചനും
ആനപ്പുറംതന്നില്‍നിന്നിറങ്ങേ
ഉച്ചത്തില്‍ മത്തേഭമട്ടഹസിച്ചുടന്‍
തച്ചുടച്ചെല്ലാമേ രോഷമോടെ.
ആര്‍ക്കുമേയൊട്ടും നിയന്ത്രിപ്പാനാകാതെ
തീര്‍ക്കുന്നു നാശങ്ങള്‍ സ്വച്ഛന്ദമായ് .വീണു നടയിങ്കല്‍ പെട്ടെന്നരചനും
കേണു "ഭഗവാനെയെന്തുചെയ് വൂ ?"
പെട്ടെന്നെശരീരി വാക്കുകളിങ്ങനെ
കേട്ടു "നീയെന്നെയുപദ്രവിച്ചു.മാണിക്യക്കല്ലുമായ് വന്നോരെന്‍ ഭക്തയോ
വീണു കിടപ്പൂ നിന്‍ ചെയ്തിയാലേ.
മണ്ണില്‍ ചിതറിയ മഞ്ചാടി മുത്തുകള്‍
തിണ്ണം നീയെന്മുന്നില്‍ വെച്ചീടേണം.ശക്തനാം നീയിപ്പോള്‍ വീണുകിടക്കുന്ന
ഭക്തതന്മുന്നില്‍ നമിച്ചീടേണം".
മുന്നം നടന്നതിന്നോര്‍മ്മയിലായിടാം
ഇന്നും ഗുരുപവനാലയത്തില്‍
മഞ്ചാടിമുത്തുകള്‍ പാത്രം നിറഞ്ഞങ്ങി -ന്നഞ്ചിത കാന്തി കലര്‍ന്നിരിപ്പൂ .
======
കൃഷ്ണരാജ ശര്‍മ്മ=======
ഭക്തം =നിവേദ്യം (ഭക്ഷണം) ; യോഷാ യോഷിത്ത് സ്ത്രീ പ്രാഭവം =ശ്രേഷ്ഠത പ്രാഭൃതം കാഴ്ചദ്രവ്യം പൂണുക പ്രാപിക്കുക അഞ്ചിതഭ്രൂ സുന്ദരി വത്സപാലന്‍ ശ്രീകൃഷ്ണന്‍ ;കല്പിക യോഗ്യം യഥാര്‍ഹം സ്വച്ഛന്ദം തന്നിഷ്ടപ്രകാരം തിണ്ണം പെട്ടെന്ന്ഒട്ടും വൈകാതെ അഞ്ചിത പൂജിക്കപ്പെട്ട ബഹുമാനിക്കപ്പെട്ട .

പാലമരം

പാലമരം
ആഗ്നേയശൈലാര്‍ജ്ജിത കൃഷ്ണവര്‍ണ്ണ
ശിലാതലേ രാജിത ദിവ്യദാരു
ശ്യാമാംബരത്തില്‍ നിറയുന്നുഡുക്കള്‍
സമാനമാ പാദപമേറി പൂക്കള്‍.

സന്താനഗോപാലനമര്‍ന്നിടുന്ന
മനോഹരം ക്ഷേത്രമതൊന്നു മേലേ.
ആമ്പല്‍പ്രസൂനങ്ങളതേറെയെണ്ണം
വിടര്‍ന്നു നില്ക്കുന്നൊരു പൊയ്ക താഴെ.

ചുറ്റും മരങ്ങള്‍ വയലെന്നിവയ്ക്കു
നടുക്കുനില്ക്കുന്നൊരു ശാന്തവാസം.
വൃക്ഷത്തിലെത്തുന്നു വിഹംഗജാലം
വിഹംഗമന്‍ പശ്ചിമ ദിക്കു പൂകേ.

ചാരത്തുനില്ക്കുന്നൊരു പാലവൃക്ഷം
മനോഹരം പൊയ്കയില്‍ ഛായ തീര്‍ക്കേ
സായന്തനത്തിന്നരുണാഭയേറും
തടാകമോ കാണ്മതിനെന്തുഭംഗി .

മദ്ധ്യാഹ്നമാകുന്നൊരു വേളയിങ്കല്‍
വരുന്നു പാലത്തണല്‍ തേടിയാള്‍ക്കാര്‍ .
മന്ദാനിലന്‍ പൂമണമായ് വരുന്നൂ
തലോടലാല്‍ ശ്രാന്തിയകറ്റിടാനായ് .

ചൊല്ലുന്നു ശാസ്ത്രം മരമെന്നുമെന്നും
തരുന്നുവന്നം സകലര്‍ക്കുമത്രേ .
നല്കുന്നു ജീവന്നു നല്‍വായുവെന്നും
സ്വയം ഭുജിക്കുന്നു വിഷാംശമെന്നും .

എന്നിട്ടുമീ പാലയതെന്നുമെന്തേ
മനുഷ്യഹൃത്തില്‍ ഭയമേകി വന്നൂ ?
മുത്തശ്ശി ചൊല്ലും കഥകള്‍ പകര്‍ന്നോ
മനസ്സിലെന്നും നിറയുന്ന ഭീതി ?

എന്നാകിലും ഞങ്ങളിരുന്നുവെന്നും
പ്രതീക്ഷയോടേ തരുവിന്‍ ചുവട്ടില്‍.
ഗന്ധര്‍വ്വ ഗാനം മധുരംശ്രവിക്കാ -
നൊരിക്കലാ യക്ഷിയെയൊന്നു കാണ്മാന്‍ .

വന്നൂവിളംകാറ്റു സുഗന്ധമേന്തി
പരന്നു പൂവിന്‍ മണമെങ്ങുമെങ്ങും.
പാദം തൊടും കേശവുമായി യക്ഷി
ഒരിയ്ക്കലും ദര്‍ശനമേകിയില്ല.

നല്കുന്നുവെന്നും മനുജര്‍ നിനക്കു
പരോപകാരത്തിനു നന്ദികേടോ ?
പാവം നിനക്കിന്നൊരു ഭീകരന്‍റെ
മുഖം ചമച്ചെന്തിനറിഞ്ഞതില്ല .
====കൃഷ്ണരാജ ശര്‍മ്മ ====

"ആഗ്നേയശൈലാര്‍ജ്ജിത കൃഷ്ണവര്‍ണ്ണ ശിലാതലേ "= അഗ്നിപര്‍വ്വതസ്ഫോടനഫലമായി ഉണ്ടായതാണ് കരിമ്പാറക്കൂട്ടങ്ങള്‍ എന്ന്‍ ശാസ്ത്രം .
വിഹംഗമന്‍ വിഹ(ആകാശ)ത്തില്‍ ഗമിക്കുന്നവന്‍ സൂര്യന്‍ (പുല്ലിംഗം ).
വിഹംഗം വിഹ(ആകാശ)ത്തില്‍ ഗമിക്കുന്ന പക്ഷി (നപുംസകം ). രണ്ടിനും അര്‍ത്ഥം ഒന്നുതന്നെ പുല്ലിംഗമാകുമ്പോള്‍ ഗാംഭീര്യം വരുന്നു അപ്പോള്‍ സൂര്യന്‍ എന്നര്‍ത്ഥം വരുന്നു.
"മരമെന്നുമെന്നും തരുന്നുവന്നം സകലര്‍ക്കുമത്രേ " = അന്നം (അന്നജംനിര്‍മ്മിക്കാന്‍ സസ്യങ്ങള്‍ക്കുമാത്രമേ കഴിയൂ എന്ന് പുരാണങ്ങളും ശാസ്ത്രവും പറയുന്നു . (ആഖ്യാനകി::വിഷമംഇന്ദ്രവജ്ര .സമം ഉപേന്ദ്രവജ്ര )
----
----


s s I/ s s I / I s I / s s
ആഗ്നേയശൈലാര്‍ജ്ജിത കൃഷ്ണവര്‍ണ്ണ
I s I/ s s I / I s I/ s s
ശിലാതലേ രാജിത ദിവ്യദാരു

നിസ്സാരം

നിസ്സാരം

ഊര്‍ജ്ജത്തിന്നുറവാം ദിനേശനരുളും
താപത്തിനാല്‍ തന്നെയാം
നിര്‍മ്മിപ്പൂവശനം തൃണങ്ങളുമിതേ
വിശ്വത്തിലെല്ലാര്‍ക്കുമേ.
വര്‍ണ്ണിക്കുന്നരുണോദയത്തെ കവികള്‍
വാഴ്ത്തുന്നു പൂഷാവിനേ
പുച്ഛിക്കും 'തൃണ'മെന്നുചൊല്ലിയഖിലം
പുല്ലിന്നതില്ലാ വില.

കാക്കുന്നൂ പൊടിയൊന്നുമേ പുരളുവാ -
നാകാതെ പാദങ്ങളെ
മുള്ളൊന്നും തറയാതെ രക്ഷ ദിനവും
ചെയ്യുന്നുവെന്നാകിലും
ഉള്ളില്‍ കേറ്റിടുവാനതില്ല കനിവും
വാതില്‍പ്പുറത്തെന്നുമേ
നിര്‍ത്താനായിവരെന്തു തെറ്റു ഭുവനേ
ചെയ്തെന്നു ചൊല്ലീടുമോ 


മാംസം കൊത്തിവലിച്ചുമേറെ വിലസും
വാനില്‍പ്പറന്നീടുമാ
ക്രൂരന്മാര്‍ ഗരുഡന്‍ പരുന്തു മഖിലം
വീരത്ത്വമേറുന്നവര്‍
മുറ്റത്തുള്ളൊരു വൃത്തികേടുമുഴുവന്‍
മാറ്റിത്തരും കാക്കകള്‍
നിസ്സാരംവിലയില്ലവര്‍ക്കു മനുജര്‍
നല്കുന്നു കല്ലേറു താന്‍.


ശാര്‍ദ്ദൂലവിക്രീഡിതം.--17/01/2016.

രാഗഗീതം

രാഗഗീതം
എന്മനോവീണതന്‍ തന്ത്രി മുറുക്കി ഞാന്‍
സപ്തസ്വരങ്ങളാല്‍ ഗാനമുതിര്‍ക്കവേ
ഹിന്ദോളരാഗത്തിനോളങ്ങളില്‍ എന്‍റെ
വീണയില്‍ വന്ന മധുരസംഗീതമേ

വാണിമാതിന്‍ തിരുമാറിലണിഞ്ഞൊരു
സപ്തസ്വരസുമഹാരമേ മത്സഖീ
രാഗവും താളവും ചേര്‍ന്നു ലയമാ -
യൊഴുകുന്നു മന്ദാകിനിയായ് മനസ്സില്‍ നീ

കന്ദര്‍പ്പതൂണീരമൊന്നില്‍നിന്നും വഴി
തെറ്റിയെന്നുള്ളില്‍ നീ വന്നതോ സൂനമേ
ആരുനല്‍കി സഖേ ശാലീനസൌഭഗം
ശോഭനേ നിന്നില്‍ നിറഞ്ഞ സുഗന്ധവും .

സപ്തസ്വരസുധാസാഗരകന്യക
രാഗവനികയില്‍ നട്ടുവളര്‍ത്തിയ
ഹിന്ദോളപുഷ്പങ്ങള്‍ കോര്‍ത്തൊരു മാല്യമ -
ണിഞ്ഞെത്തുമെന്‍റെ മനസ്വിനീ രാധികേ .

നിന്‍ഘനവേണിതന്‍ ദര്‍ശനമോ മഴ
മേഘങ്ങള്‍ നാണിച്ചുപോകുവാന്‍ കാരണം .
കേതകി തന്മുഖം താഴ്ത്തുന്നതെന്തിനോ
നിന്‍ലലാടത്തിന്നഴകു ദര്‍ശിച്ചുവോ .

വില്വദളങ്ങളോ നമ്രശിരസ്കരായ്
നിന്‍ നേത്രയുഗ്മങ്ങള്‍ കാണ്‍കവേ ശോഭിനീ
തത്തകളെന്തിത്രനോക്കുന്നു ചുണ്ടുകള്‍
തൊണ്ടിപ്പഴങ്ങളാണെന്നു കരുതിയോ .

മാറിലണിഞ്ഞൊരാ കാഞ്ചന മാലയ -
ഹങ്കരിക്കുന്നിതു തന്‍ഭാഗ്യമോര്‍ക്കവേ
നിന്‍പാദധൂളിയണിഞ്ഞൊരാ പാദുകം
കോള്‍മയിര്‍ക്കൊള്‍വതു കാണുന്നു ഞാന്‍ സഖീ

പുഷ്പധന്വാവെനിക്കായ് കാഴ്ച്ചവച്ചൊരു
ദിവ്യോപഹാരമാം സന്നതാംഗി സതി
കാത്തുനില്‍പ്പൂ സൌധവാസത്തിനന്തികേ
സൌഗന്ധ പര്‍ണ്ണകുടീരവും തീര്‍ത്തു ഞാന്‍ .

നിന്‍പുഷ്പപാദുകം ചെമ്മേ ധരിക്ക നീ
നിന്‍സ്വര്‍ണ്ണമേടതന്‍ വാതില്‍ തുറന്നു നീ
ഈ പര്‍ണ്ണശാലയിലേയ്ക്കു വരിക നീ
ഈ പ്രേമതാപസനേകുക ദര്‍ശനം.

പ്രേമമാം വാടിക നട്ടുവളര്‍ത്തുമീ
താപസനേകുക മോക്ഷമാര്‍ഗ്ഗം സഖീ
ഈ പ്രേമദാസന്‍റെ ഹൃത്തിലനുരാഗ
ദീപം തെളിക്കുക നീയെന്‍ മനസ്വിനീ
======കൃഷ്ണരാജ ശര്‍മ്മ =======

ഹിന്ദോളം :- കര്‍ണ്ണാടകസംഗീതത്തിലെ എട്ടാം മേളമായ ഹനുമത്തോടിയുടേയോ ഇരുപതാം മേളമായ നഠഭൈരവിയുടേയോ ജന്യമായി വരുന്ന രാഗം ഈ രണ്ടു രാഗങ്ങളിലേയും ഋഷഭം പഞ്ചമം എന്നിവ മാറ്റിയാല്‍ ഹിന്ദോളമാകുംഊഞ്ഞാല്‍ എന്നാണ് ഈ പദത്തിനര്‍ത്ഥംഈ രാഗം ആലപിക്കുമ്പോള്‍ വസന്തകാല പ്രഭാതത്തിന്‍റെ അനുഭവം ഉണ്ടാകുന്നുശൃംഗാരരസപ്രധാനമായ രാഗമാണ്ഭൂമിയില്‍ സ്വര്‍ഗ്ഗം സൃഷ്ടിക്കുന്ന രാഗമെന്നും ഒരു വിശേഷണമുണ്ട്അനുരാഗം ജനിപ്പിക്കുന്ന രാഗമാണിതഈ രാഗം പുത്തനുണര്‍വ്വ് പകരുന്നുവിഷാദരോഗചികിത്സയ്ക്ക് ഈ രാഗം പ്രയോജനപ്പെടുമെന്ന് പുതിയ ഗവേഷണഫലങ്ങള്‍ കാണിക്കുന്നുരക്തസമ്മര്‍ദ്ദം ക്രമീകരിക്കുകദഹനപ്രക്രിയ ത്വരിതപ്പെടുത്തുക എന്നിങ്ങനെയുള്ള ഫലങ്ങളും ഈ രാഗത്തിനുള്ളതായി കേട്ടിട്ടുണ്ട്.

നഷ്ടസ്വര്‍ഗ്ഗം

നഷ്ടസ്വര്‍ഗ്ഗം
ലക്ഷ്യമില്ലാത്ത യാത്രയില്‍ നട-
ന്നേറെക്ഷീണിച്ചൊരാ പാന്ഥന്‍
പാതവക്കിലെ പൂമരത്തണല്‍
പൂകി വിശ്രമിച്ചീടവേ
പുഷ്പഗന്ധവും പേറി വന്നൊരു
മാരുതന്‍ മേനി പുല്‍കവേ
ബന്ധനങ്ങളില്ലാത്തൊരാ പാന്ഥന്‍
എല്ലാം മറന്നുറങ്ങവേ
രത്നനിര്‍മ്മിതമാം വിപഞ്ചിക
മീട്ടി വന്നൊരു ഗായിക
കോടിരത്നപ്രഭയോലും നറും -
പുഞ്ചിരി തൂകി നിന്നവള്‍ .
ബന്ധനങ്ങളില്ലാത്തൊരാ പഥി -
കന്‍റെ മാനസമന്നവള്‍
രാഗസംഗീതമാലപിച്ചന്നു
ബന്ധിച്ചു മണി വീണയില്‍
തന്ത്രികള്‍ മീട്ടി പാടി ഗായിക
തീര്‍ത്തവള്‍ രാഗ മാലിക
രാഗ മാലിക കൊണ്ടാ പാന്ഥനെ
ബന്ധിച്ചു സന്നതാംഗിയാള്‍
മാലിക തീര്‍ക്കും ബന്ധനമെന്നാ
പാവം യാത്രികനോര്‍ത്തീലാ .
രാഗവീണയില്‍ ദേവഗായിക
തീര്‍ത്തു സംഗീതസാഗരം .
ആ പ്രേമ സാഗരത്തില്‍ നീന്തിയാ -
മോദമോടെയാ യാത്രികന്‍ .
പൊന്നോളങ്ങളായ് പൊന്‍പുളകങ്ങള്‍
സ്വര്‍ഗ്ഗഗംഗയില്‍ തീര്‍ത്തവള്‍
പുഞ്ചിരിയാലെ ദിവ്യപ്രകാശ -
മെങ്ങും വിടര്‍ത്തി സുന്ദരി
യാമാന്ത്യത്തിലാ സ്വപ്നസുന്ദരി
വീണയുമായ് പറന്നുപോയ്
അന്ധകാരം പടര്‍ന്നുവെങ്ങും വ -
ഴിയറിയാതെ യാത്രികന്‍
തീരം തേടിയാ സാഗരത്തില്‍ കി -
ടന്നലയുന്നുണ്ടിപ്പോഴും .
രാഗവീണയില്‍ ബന്ധിതമൊരാ
മാനസമിന്നും കേഴുന്നു
എന്നിനിക്കാണും ഞാനെന്‍ കാമിനി
എന്നിനി കേള്‍ക്കും നിന്‍ഗാനം .
======കൃഷ്ണരാജ ശര്‍മ്മ ======