എന്‍റെ ഗ്രാമം
സിന്ദൂരം നലമായ് ലലാടഫലകേ
ചാര്‍ത്തുമീ പൂര്‍വ്വദിക്കില്‍
രാഗത്താല്‍ നിണശോഭയാര്‍ന്നിതുപരം
അംബുരോഹങ്ങളെങ്ങും.
സംഗീതം ഗഗനേ പകര്‍ന്നുവിലസും
പക്ഷിജാലം സമോദം
മാലേയം തിരുമെയ്യില്‍ ചാര്‍ത്തിയൊഴുകും
അംബുവാഹം മനോജ്ഞം.
വൃക്ഷത്തിന്‍മുടികള്‍ക്കിടയ്ക്കു നുഴയും
സൂര്യരശ്മീസമൂഹം
ഹംസങ്ങള്‍ സരസീരുഹത്തിലൊഴുകും
കാഴ്ചയും ചേതഹാരി
ഉദ്യാനം നിറയും സുമങ്ങളുമളീ -
വൃന്ദവും ചിത്രവര്‍ണ്ണ -
പ്പട്ടില്‍ സുന്ദരമേനിയാള്‍ ശലഭവും
തുമ്പിയും എന്തുചന്തം !
വിണ്ണേറുന്നുഡുരാജിപോല്‍ ഹരിതമാം
പുല്ലില്‍ നില്ക്കുന്നു പൂക്കള്‍
കല്ലോലംവിരിയും സരിത്തു മഹിതന്‍
പൊന്നരഞ്ഞാണമായി .
വെള്ളത്തില്‍ പദമൂന്നി കേതകികളും
ശ്രേണിയായ് നില്പിതല്ലോ
നെല്പാടങ്ങളുമത്രഹേമനിറമായ്
പൃത്ഥ്വിതന്‍ വസ്ത്രമായി .
ഒറ്റക്കാല്‍വ്രതമായി തത്ര ബകജാ -
ലങ്ങളും നില്പതുണ്ടേ
ചെമ്മണ്‍പാതയുമുണ്ടു വൃക്ഷനിരയും
പാലവും , കാളവണ്ടി
മെല്ലേയാടിവരുന്നതും , വഴിയിലായ്
പൈക്കള്‍ മെയുന്നതെല്ലാം
കാണാനായ് വരികെന്നുമെന്‍ ജനപദം
തന്നില്‍ , തോഷം നിറയ്ക്കാന്‍ .
അശ്വത്ഥം ഗഗനംതൊടുംവിധമതായ്
ക്ഷേത്രമുറ്റത്തുനില്പൂ .
കല്ലോലം നിറയും വാപിയതിലായ്
നീന്തിയും ക്രീഡചെയ്തും
ബാലന്മാര്‍ , നിരയായി മെല്ലെയണയും
ഭക്തരും, ആല്‍ത്തറയ്ക്കല്‍
സല്ലാപത്തിനുവന്ന വൃദ്ധരുമിതാ
ഗ്രാമദൃശ്യങ്ങളല്ലോ .
വാനത്തില്‍ തലചേര്‍ത്തുനില്ക്കുമതുപോല്‍
നില്ക്കുമാ പള്ളിതന്നില്‍
എത്തുന്നൂ ദിനവും കുടുംബസഹിതം
പ്രാര്‍ത്ഥനയ്ക്കായി ഭക്തര്‍.
പാലും പത്രവുമായി നിത്യമിതിലേ
സൈക്കിളില്‍ യാത്രചെയ്‍വാ-
നുണ്ടല്ലോ ദിനവും പ്രഭാതസമയേ,
ഒട്ടനേകം മനുഷ്യര്‍.
No comments:
Post a Comment