രാഗഗീതം
എന്മനോവീണതന്‍ തന്ത്രി മുറുക്കി ഞാന്‍
സപ്തസ്വരങ്ങളാല്‍ ഗാനമുതിര്‍ക്കവേ
ഹിന്ദോളരാഗത്തിനോളങ്ങളില്‍ എന്‍റെ
വീണയില്‍ വന്ന മധുരസംഗീതമേ
വാണിമാതിന്‍ തിരുമാറിലണിഞ്ഞൊരു
സപ്തസ്വരസുമഹാരമേ , മത്സഖീ
രാഗവും താളവും ചേര്‍ന്നു ലയമാ -
യൊഴുകുന്നു മന്ദാകിനിയായ് മനസ്സില്‍ നീ
കന്ദര്‍പ്പതൂണീരമൊന്നില്‍നിന്നും വഴി
തെറ്റിയെന്നുള്ളില്‍ നീ വന്നതോ സൂനമേ
ആരുനല്‍കി സഖേ ശാലീനസൌഭഗം
ശോഭനേ , നിന്നില്‍ നിറഞ്ഞ സുഗന്ധവും .
സപ്തസ്വരസുധാസാഗരകന്യക
രാഗവനികയില്‍ നട്ടുവളര്‍ത്തിയ
ഹിന്ദോളപുഷ്പങ്ങള്‍ കോര്‍ത്തൊരു മാല്യമ -
ണിഞ്ഞെത്തുമെന്‍റെ മനസ്വിനീ രാധികേ .
നിന്‍ഘനവേണിതന്‍ ദര്‍ശനമോ മഴ
മേഘങ്ങള്‍ നാണിച്ചുപോകുവാന്‍ കാരണം .
കേതകി തന്മുഖം താഴ്ത്തുന്നതെന്തിനോ
നിന്‍ലലാടത്തിന്നഴകു ദര്‍ശിച്ചുവോ .
വില്വദളങ്ങളോ നമ്രശിരസ്കരായ്
നിന്‍ നേത്രയുഗ്മങ്ങള്‍ കാണ്‍കവേ ശോഭിനീ
തത്തകളെന്തിത്രനോക്കുന്നു ചുണ്ടുകള്‍
തൊണ്ടിപ്പഴങ്ങളാണെന്നു കരുതിയോ .
മാറിലണിഞ്ഞൊരാ കാഞ്ചന മാലയ -
ഹങ്കരിക്കുന്നിതു തന്‍ഭാഗ്യമോര്‍ക്കവേ
നിന്‍പാദധൂളിയണിഞ്ഞൊരാ പാദുകം
കോള്‍മയിര്‍ക്കൊള്‍വതു കാണുന്നു ഞാന്‍ , സഖീ
പുഷ്പധന്വാവെനിക്കായ് കാഴ്ച്ചവച്ചൊരു
ദിവ്യോപഹാരമാം സന്നതാംഗി , സതി
കാത്തുനില്‍പ്പൂ സൌധവാസത്തിനന്തികേ
സൌഗന്ധ പര്‍ണ്ണകുടീരവും തീര്‍ത്തു ഞാന്‍ .
നിന്‍പുഷ്പപാദുകം ചെമ്മേ ധരിക്ക നീ
നിന്‍സ്വര്‍ണ്ണമേടതന്‍ വാതില്‍ തുറന്നു നീ
ഈ പര്‍ണ്ണശാലയിലേയ്ക്കു വരിക നീ
ഈ പ്രേമതാപസനേകുക ദര്‍ശനം.
പ്രേമമാം വാടിക നട്ടുവളര്‍ത്തുമീ
താപസനേകുക മോക്ഷമാര്‍ഗ്ഗം സഖീ
ഈ പ്രേമദാസന്‍റെ ഹൃത്തിലനുരാഗ
ദീപം തെളിക്കുക നീയെന്‍ മനസ്വിനീ
======കൃഷ്ണരാജ ശര്‍മ്മ =======
ഹിന്ദോളം :- കര്‍ണ്ണാടകസംഗീതത്തിലെ എട്ടാം മേളമായ ഹനുമത്തോടിയുടേയോ ഇരുപതാം മേളമായ നഠഭൈരവിയുടേയോ ജന്യമായി വരുന്ന രാഗം . ഈ രണ്ടു രാഗങ്ങളിലേയും ഋഷഭം , പഞ്ചമം എന്നിവ മാറ്റിയാല്‍ ഹിന്ദോളമാകും. ഊഞ്ഞാല് എന്നാണ് ഈ പദത്തിനര്‍ത്ഥം. ഈ രാഗം ആലപിക്കുമ്പോള്‍ വസന്തകാല പ്രഭാതത്തിന്‍റെ അനുഭവം ഉണ്ടാകുന്നു. ശൃംഗാരരസപ്രധാനമായ രാഗമാണ്. ഭൂമിയില്‍ സ്വര്‍ഗ്ഗം സൃഷ്ടിക്കുന്ന രാഗമെന്നും ഒരു വിശേഷണമുണ്ട്. അനുരാഗം ജനിപ്പിക്കുന്ന രാഗമാണിത. ഈ രാഗം പുത്തനുണര്‍വ്വ് പകരുന്നു. വിഷാദരോഗചികിത്സയ്ക്ക് ഈ രാഗം പ്രയോജനപ്പെടുമെന്ന് പുതിയ ഗവേഷണഫലങ്ങള്‍ കാണിക്കുന്നു. രക്തസമ്മര്‍ദ്ദം ക്രമീകരിക്കുക, ദഹനപ്രക്രിയ ത്വരിതപ്പെടുത്തുക എന്നിങ്ങനെയുള്ള ഫലങ്ങളും ഈ രാഗത്തിനുള്ളതായി കേട്ടിട്ടുണ്ട്.
No comments:
Post a Comment