06 February 2017

ഉത്തരം കിട്ടാത്ത ചോദ്യം

ഉത്തരം കിട്ടാത്ത ചോദ്യം

ഉത്തരമില്ലാത്ത ചോദ്യമില്ലെന്നു ഞാന്‍
ഇത്രനാളും വൃഥാ ചിന്തിച്ചുപോയല്ലോ
ആരോഗ്യമുള്ളൊരെന്‍ സുന്ദരഗാത്രവും
ബുദ്ധിയും സമ്പല്‍സമൃദ്ധിയുമെന്നുടെ
ചിത്തേയഹങ്കാരമാം മഹാകാനനം
വാനോളമെത്തുംവിധം വളര്‍ത്തീടവേ
എന്നെ പുകഴ്ത്തുന്ന വാക്കുകള്‍ കേട്ടുകേ -
ട്ടെന്നുടെ കാതുകള്‍ കോള്‍മയിര്‍കൊള്ളവേ
എന്നും വളരുമെന്‍ സമ്പത്തു കണ്ടു ക-
ണ്ടെന്‍ നയനങ്ങളില്‍ പൂക്കള്‍ വിടരവേ
എന്‍ മനസ്സാക്ഷി ചോദിച്ചന്നൊരു ദിനം
"ഞാന്‍എന്നു നീ ചൊല്‍വതെന്തെന്നറിയുമോ
നീയെന്തിനായ് വന്നു നീ ഭൂമിയില്‍ നിന്നുടെ
ചെയ്തികളെന്തിന്നു വേണ്ടിയെന്നോര്‍ത്തുവോ

ആ സ്വരം ഗംഭീരമെന്നല്ല ഭീകരം
മാറ്റൊലി കൊള്ളുന്നയുതമായ് മാനസേ
ഞാനെന്‍ വിരലുകളോടു ചോദിച്ചു "ഞാന്‍"
നിങ്ങളാണോ "അല്ലചൊല്ലീ വിരലുകള്‍
കൈകാലുകളോടു ചോദിച്ചു "കണ്ടുവോ
നിങ്ങളെന്നേ" "ഇല്ലചൊല്ലിയെന്നോടവര്‍
സുന്ദരമാണെന്നു ഞാന്‍ കരുതും ശരീ-
രത്തോടു ചോദിച്ചു "നീ തന്നെയാണൊ ഞാന്‍"
"ഞാന്‍ കേവലം നിന്‍റെ ഗാത്രമാംചൊല്ലിനാന്‍
എന്‍റെ ശരീരവുമേറ്റവും നിര്‍ദ്ദയം.
എന്‍റെ കര്‍ണ്ണങ്ങളു മെന്‍റെ നേത്രങ്ങളു-
മെന്‍റെയാഭൂഷണങ്ങള്‍ തഥാ വസ്ത്രവും
കണ്ടെങ്കിലും കണ്ടതില്ല ഞാന്‍ "ഞാന്‍എന്ന
മൂര്‍ത്തിയെ ഞാനറിയുന്നീല മായയോ
ഞെട്ടിത്തെറിപ്പിക്കുമട്ടഹാസം കേട്ടു -
വെന്‍റെയുള്ളില്‍ നിന്നുതന്നെയാണാ സ്വരം

"കാണാന്‍ കഴിവീല നിന്നെ നിനക്കെങ്കി -
ലെന്തിന്നു "ഞാന്‍എന്നഹങ്കരിക്കുന്നു നീ
എന്തിന്നു സമ്പത്തു വാരി നിറക്കുവാന്‍
തത്രപ്പെടുന്നു നീ ഇത്ര കഠിനമായ്
"ഞാന്‍സത്യമോ മിഥ്യയോ യെന്നറിയുക
"ഞാന്‍എവിടെയെന്നു പിന്നെ തിരയുക
"ഞാന്‍വന്നതെന്തിനാണെന്നു കണ്ടെത്തുക
"എന്‍ ചെയ്തികളെ"ന്തിനാണെന്നറിയുക
പിന്നെ മാത്രം മതി "ഞാന്‍" "എന്‍റെയെന്നുള്ള -
ഹങ്കാരപൂര്‍ണ്ണമാം വാഗ്പ്രയോഗങ്ങളും
ഇന്നും മുഴങ്ങുന്നു എന്നുള്ളില്‍ ഈ ചോദ്യ -
മെല്ലാം കഴിഞ്ഞില്ല ഉത്തരം കാണുവാന്‍ .

No comments:

Post a Comment